ടെസ്റ്റ് ഡ്രൈവിനായെത്തി എസ് യു വി കാറുമായി യുവാവ് മുങ്ങി
May 16, 2022
ടെസ്റ്റ് ഡ്രൈവിനായെത്തി എസ് യു വി കാറുമായി യുവാവ് മുങ്ങി; കാറുമായി മുങ്ങിയതിനു പോലീസിനെ വിചിത്രകാരണം പറഞ്ഞ് അമ്പരപ്പിച്ചു ; 2500 ഐ പി അഡ്രസ്സുകളെ ട്രാക്ക് ചെയ്ത് ഒടുവില്‍ പിടിയിലായി,
ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിനായെത്തി യുവാവ് കാറുമായി മുങ്ങി. കാറുമായി കടന്നുകളഞ്ഞത്തിന് യുവാവ് പറഞ്ഞത് വിചിത്രമായകാരണവും.
ഒടുവില്‍ യുവാവ് പിടിയിലായി. ബെംഗളൂരുവിലാണ് സംഭവം. ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ കാറോടിച്ച് നോക്കിയതിന് പിന്നാലെ എസ്‌യുവി തട്ടിയെടുക്കുകയായിരുന്നു.
ജനുവരി 30നായിരുന്നു കേസിനാസ്പദമായ സംഭവം. 26-കാരനായ ബിസിനസുകാരനെയാണ് പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ മെയ് 10നാണ് മോഷ്ടാവിനെ പിടികൂടിയത്.
ബെംഗളൂരുവിലെ കോഫീ ബോര്‍ഡ് സ്വദേശിയായ രവീന്ദ്ര എല്ലൂരിയെന്ന (47) എഞ്ചിനീയറുടെ കാറായിരുന്നു തട്ടിയെടുത്തത്. അദ്ദേഹത്തിന്റെ മാരുതി വറ്റാര ബ്രസ്സയാണ് മോഷ്ടാവായ എംജി വെങ്കിടേഷ് നായിക് കവര്‍ച്ച ചെയ്തത്. 2,500 ഐപി അഡ്രസുകളെ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് പ്രതിയെ പിടികൂടാനായതെന്ന് അറിയിച്ചു.
കാര്‍ വില്‍ക്കാനിട്ടിരിക്കുകയാണെന്ന് കാണിച്ച് കാറിന്റെ ഉടമ ഒഎല്‍എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു . ഇതുകണ്ടാണ് പ്രതി കാര്‍ നോക്കാന്‍ എത്തിയത്. വാങ്ങുന്നതിന് മുമ്പ് ഓടിച്ച് നോക്കണമെന്ന് ആവശ്യപ്പെട്ട പ്രതിക്ക് ഉടമ ചാവി നല്‍കി. എന്നാല്‍ പിന്നീട് കാർ തിരികെ ലഭിച്ചില്ലെന്ന് ഉടമ പറയുന്നു.
കടം വീട്ടാന്‍ സ്വന്തം കാര്‍ വില്‍ക്കേണ്ടി വന്നുവെന്നും എന്നാല്‍ പിന്നീട് കാറില്ലാതെ ജീവിക്കുന്നത് അപമാനമായി തോന്നിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. പുതിയ കാര്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കവര്‍ച്ച ചെയ്യുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. നിലവില്‍ പ്രതിയെ കോടതിക്ക് മുമ്പിൽ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.