അമ്മയുടെ മൃതദേഹം വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് മൂടി സൂക്ഷിച്ച്‌ മകന്‍

News Desk
മരിച്ചാലും അമ്മ കൂടെ വേണം; മൃതദേഹം വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് മൂടി സൂക്ഷിച്ച്‌ മകന്‍, ചെന്നൈ: അമ്മയുടെ മൃതദേഹം വീപ്പയില്‍ സൂക്ഷിച്ച്‌ മകന്‍. തമിഴാനാട്ടിലാണ് സംഭവം. പ്ലാസ്റ്റിക് ബാരലിൽ കോണ്‍ക്രീറ്റിട്ട് മൂടിയാണ് മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരുന്നത് . സംഭവത്തില്‍ മകനായ സുരേഷിനെ(53) പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. 86കാരിയായ ഷെമ്പകത്തെയാണ് മരണശേഷം വീപ്പയില്‍ കോൺക്രീറ്റ് ഇട്ട് സൂക്ഷിച്ചത്. ഷെമ്പകം കുറച്ചു വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. കുറച്ചുദിവസമായി ഷെമ്പകത്തെ പുറത്തേക്ക് കാണാതായതോടെ സുരേഷുമായി അകന്നുകഴിയുകയായിരുന്ന ഭാര്യയെ അയല്‍വാസികള്‍ വവിരം അറിയിക്കുകയായിരുന്നു. ഇവര്‍ സുരേഷിന്റെ സഹോദരനെ വിവരം അറിയിച്ചു. അമ്മ രണ്ടാഴ്ചക്ക് മുന്‍പ് മരിച്ചതായും സംസ്‌കാരം നടത്തിയതായും സുരേഷ് സഹോദരനോട് പറഞ്ഞു. തുടര്‍ന്ന് മൂത്ത സഹോദരന്‍ നീലാങ്കരയ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തിയതോടെ അമ്മയുടെ മരണശേഷം മൃതദേഹം പ്ലാസ്റ്റിക് ബാരലില്‍ ഇട്ട് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചതായി സുരേഷ് വെളിപ്പെടുത്തി. ബാരല്‍ തകര്‍ത്ത് പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഷെമ്പകം അസുഖങ്ങള്‍ മൂലം മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തയ്യല്‍ ജോലി ചെയ്യുന്ന സുരേഷ് മാനസികമായി പ്രശ്‌നമുള്ള ആളാണ്. . സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള പണം സുരേഷിന്റെ കയ്യില്‍ ഇല്ലാത്തതിനാലാണ് യുവാവ് മൃതദേഹം ബാരലില്‍ സൂക്ഷിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.