105 ജീവനുകള്‍ പൊലിഞ്ഞ പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 34 വയസ്സ് -
July 08, 2022
105 ജീവനുകള്‍ പൊലിഞ്ഞ പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 34 വയസ്-
കൊല്ലം: കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് ഇന്ന് 34 വയസ്. 1988 ജൂലൈ 8 ന് കൊല്ലം പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്‌ക്ക് മറിഞ്ഞുണ്ടായ അപകടമാണ് പെരുമണ്‍ ദുരന്തം.
105 പേര്‍ മരണപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം നടന്ന് മൂന്ന് പതിറ്റാണ്ടു കഴിയുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മ പെരുമണ്ണുകാരെ ഇതു വരെ വിട്ടു മാറിയിട്ടില്ല.
ഇന്നേക്ക് 34 വര്‍ഷം മുമ്പാണ് കാലവര്‍ഷത്തിനൊപ്പം വീശി അടിക്കുന്ന കാറ്റില്‍ അഷ്ടമുടി കായലിലെ ഇളകി മറിയുന്ന ഓളപ്പരപ്പിലേക്ക് പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിന്റെ ബോഗികള്‍ യാത്രക്കാരുമായി പതിക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ ഈ ട്രെയിനപകടത്തിന്റെ അടിസ്ഥാനം എന്താണെന്നതുസംബന്ധിച്ച അവ്യക്തത ദുരന്തത്തിന്റെ 34 മത് വര്‍ഷവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.അപകടം നടക്കുന്ന അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പഠന റിപ്പോര്‍ട്ടിൽ പറയുന്നത്.
നാട്ടുകാരും സന്നദ്ധസംഘടനകളും ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പെരുമണ്‍ ദുരന്തത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങളിലും അന്ന് റെയില്‍വേയും സര്‍ക്കാരും പരാജയമായി എന്നതും ഇന്നും നിലനില്‍ക്കുന്ന ആക്ഷേപമാണ്.