നിയമം ലംഘിക്കുന്ന ബസുകളെ പിടിക്കാന്‍ കര്‍ശന പരിശോധന
July 12, 2022
നിയമം ലംഘിച്ച ബസുകളെ പിടിക്കാന്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്,
കൊച്ചി: സംസ്ഥാനത്ത് നിയമം ലംഘിച്ച് ഓടുന്ന ബസുകളെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്.
നിയമം ലംഘിച്ച് ബസുകളില്‍ മാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകളിലും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തും. സംസ്ഥാനമെങ്ങും ഗാരേജുകളിലും പരിശോധന നടത്തും.
നിരത്തിലെ പരിശോധനക്ക് പിന്നാലെ കോണ്‍ട്രാക്റ്റ് ക്യാര്യേജ് ബസില്‍ മാറ്റങ്ങള്‍ വരുത്തുന്ന വര്‍ക്ക്ഷോപ്പുകളിലും മോട്ടോര്‍ വാഹന വകുപ്പ് മിന്നല്‍ പരിശോധന നടത്തി. വാഹനത്തിന്റെ പുറം ബോഡിയില്‍ അറകള്‍ ഉണ്ടാക്കി സ്പീക്കറുകള്‍ ഘടിപ്പിച്ചത് നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനമെങ്ങും പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. അതേസമയം, പത്തനംതിട്ടയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കൊമ്പൻ ടൂറിസ്റ്റ് ബസില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ബസിനുള്ളില്‍ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നില്ല. വാഹനത്തില്‍ സ്മോക്കര്‍ കടുപ്പിച്ചിരുന്നതായും എംവിഡിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട് .
കൊല്ലം പെരുമണ്‍ എഞ്ചിനീയറിങ് കോളേജില്‍ ബസിന് മുകളില്‍ കത്തിച്ച പൂത്തിരിയില്‍ നിന്നും തീ പടര്‍ന്ന സംഭവം വലിയ വാര്‍ത്തയായതോടെയാണ് എംവിഡി വ്യാപകമായി പരിശോധന നടത്തുന്നത്. പത്തനംതിട്ടയില്‍ നടത്തിയ പരിശോധനയില്‍ കൊമ്പൻ ടൂറിസ്റ്റ് ബസുകളുടെ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സ്പീഡ് ഗവര്‍ണറോ, ജിപിഎസ് സംവിധാനമോ ഘടിപ്പിച്ചിരുന്നില്ല. വാഹനത്തിനുള്ളില്‍ സ്മോക്കറുണ്ടായിരുന്നു. നിയമവിരുദ്ധമായ പത്ത് കാര്യങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. അനധികൃതമായി ഘടിപ്പിച്ച ഉപകരണങ്ങള്‍ മാറ്റിയെങ്കില്‍ മാത്രമേ വാഹനം ഓടാന്‍ അനുമതി നല്‍കുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കഴിഞ്ഞ ആഴ്ച്ച കൊമ്പൻ ബസുകളുടെ നിയമ ലംഘനത്തിന് മുപ്പത്തിയാറായിരം രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയിരുന്നു.