മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല, നടന്‍ രാജ്‌മോഹന്റെ സംസ്‌കാരം ഇന്ന്

News Desk
മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല, നടന്‍ രാജ്‌മോഹന്റെ സംസ്‌കാരം ഇന്ന്; കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ രാജ്‌മോഹന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്നിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ഏറ്റെടുക്കാന്‍ ആരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് ഏറ്റുവാങ്ങിയശേഷം, 10.15 മുതല്‍ ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരിക്കും. മൃതദേഹം ഔദ്യോഗികമായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്നലെ വൈകിട്ടോടെയാണ് പൂര്‍ത്തിയായത്. ഏറ്റെടുക്കാന്‍ ആരുമില്ലാത്ത മൃതശരീരങ്ങളെക്കുറിച്ച്‌ പത്രപരസ്യം നല്‍കി ഏഴ് ദിവസം അവകാശികള്‍ എത്തുമോയെന്ന് കാത്തിരിക്കണമെന്നുള്ളതാണ് ചട്ടം. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൂന്ന് ദിവസമെന്ന ഇളവ് ഈ കാര്യത്തിനായി നല്‍കുകയായിരുന്നു. 1967ല്‍ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന സിനിമയില്‍ നായക വേഷമിട്ട രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായത്. ഇന്ദുലേഖയില്‍ 'മാധവന്‍' എന്ന നായക കഥാപാത്രത്തെയാണ് കലാനിലയം കൃഷ്ണന്‍ നായരുടെ മകളുടെ ഭര്‍ത്താവായിരുന്ന രാജ്‌മോഹന്‍ അവതരിപ്പിച്ചത്. പിന്നീട് വിവാഹ ബന്ധം വേര്‍പിരിഞ്ഞു. ഏതാനും സിനിമകളില്‍ കൂടി അഭിനയിച്ച രാജ്‌മോഹന്‍ പിന്നീട് ചലച്ചിത്ര രംഗത്ത് നിന്ന് പിന്‍വാങ്ങി. കുട്ടികള്‍ക്ക് ട്യൂഷനെടുത്തായിരുന്നു ഉപജീവനം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് പുലയനാര്‍കോട്ടയിലെ സര്‍ക്കാര്‍ അനാഥകേന്ദ്രത്തിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്.