സായി കിരണിന് തുടക്കമായി
August 22, 2022
സൗജന്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ന്യൂതന പദ്ധതി; കൈകോർത്ത് സത്യസായി ഓർഫനേജ് ട്രസ്റ്റും നിംസ് മെഡിസിറ്റിയും; സായി കിരണിന് തുടക്കം,
തിരുവനന്തപുരം: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് നെയ്യാറ്റിൻകരയിലെ നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പദ്ധതിയായ സായികിരണിന് തുടക്കമായി. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആതുരസേവന രംഗത്ത് ജനനന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന രണ്ടു വിസ്മയങ്ങളാണ് സത്യസായി ഓർഫനേജ് ട്രസ്റ്റും നിംസ് മെഡിസിറ്റിയുമെന്ന് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.
മനുഷ്യ മനസ്സുകളെ കോർത്തിണക്കി പുത്തൻ അധ്യായം രചിക്കാൻ ഭാരതീയരായ ജനങ്ങൾ മുന്നോട്ടു വരണമെന്ന് ഗോവ ഗവർണർ പറഞ്ഞു. നാം ഉയർത്തി പിടിക്കുന്ന സാഹോദര്യമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ഗ്രീക്ക്, ഈജിപ്ത് തുടങ്ങിയ പല സംസ്കാരങ്ങളും തകർന്നിട്ടും ഭാരതീയ സംസ്കാരം തെളിമയോടെ ഇന്നും നിലനിൽക്കുന്നുവെന്നും പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി.
ആതുരസേവന രംഗത്ത് ജനനന്മ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രണ്ട് വിസ്മയങ്ങളാണ് ശ്രി സത്യസായി ഓർഫനേജ് ട്രസ്റ്റും നിംസ് മെഡിസിറ്റിയും. സേവനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ എത്ര നാളുകൾ കഴിഞ്ഞാലും വരും തലമുറയുടെ മനസ്സിൽ സ്ഥാനം പിടിക്കും. ഇരു സ്ഥാപനങ്ങളുടെയും മുന്നോട്ടുള്ള സദ്പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ഗോവ ഗവർണർ പറഞ്ഞു.
ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച നിംസിലെ നെഫ്രോളജി വിഭാഗം ഇതുവരെ നടത്തിയിട്ടുള്ള എല്ലാ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും പൂർണ്ണ വിജയമാണെന്ന് മാനേജിംഗ് ഡയറക്ടർ എം എസ് ഫൈസൽ ഖാൻ പറഞ്ഞു.
ചടങ്ങിൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ.ലക്ഷ്മികുട്ടി അധ്യക്ഷയായി. ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, പ്രൊഫ. വിജയകുമാർ, അഡ്വ.മുട്ടത്തറ വിജയകുമാർ, കെ. ഗോപകുമാരൻ നായർ, നിംസ് മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടർ എം എസ് ഫൈസൽ ഖാൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജു തമ്പി, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ജോസഫിൻ വിനിത തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി.