ഭിന്നശേഷി കുട്ടികള്‍ സമൂഹത്തില്‍ ഏറ്റവും കരുണ അർഹിക്കുന്നവർ – മന്ത്രി. ജി.ആർ.അനില്‍

News Desk
ഭിന്നശേഷി കുട്ടികള്‍ സമൂഹത്തില്‍ ഏറ്റവും കരുണ അർഹിക്കുന്നവർ – മന്ത്രി. ജി.ആർ.അനില്‍,   ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന ആളുകള്‍ പ്രത്യേകിച്ച് കുട്ടികള്‍ സമൂഹത്തിന്റെ മുന്തിയ പരിഗണന അർഹിക്കുന്ന വിഭാഗമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി.ആർ.അനില്‍. കഴക്കൂട്ടം കിന്‍ഫ്രാ പാർക്കില്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഡിഫറന്റ് ആർട് സെന്ററിലെ വിദ്യാർത്ഥികള്‍ക്ക് എല്ലാ മാസവും സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പെർമിറ്റ് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭക്ഷണം, വിശപ്പുരഹിത കേരളം എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമാണ് ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് പെർമിറ്റ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ബൗദ്ധികവും കലാപരവുമായ കുറവുകള്‍ പ്രത്യേക പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും, എല്ലാവരേയും പോലെ അവർക്കും ഈ സമൂഹത്തില്‍ വലിയ ഒരു ഇടമുണ്ടെന്ന് ബോധിപ്പിക്കുന്നതിനും വേണ്ട വലിയ ഒരു ശ്രമമാണ് അദ്ദേഹം നടത്തുന്നത്. അതിന് അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും സഹകരണവും സർക്കാരിന്റെ ഭാഗത്തുനിന്നും നല്‍കുമെന്ന് മന്ത്രി അറിയിച്ചു. അതിന്റെ ഭാഗമായാണ് ഇവിടത്തെ അന്തേവാസികള്‍ക്ക് ഭക്ഷണത്തിനായി പ്രതിമാസം 1753 കിലോ അരിയും 751കി.ഗ്രാം ഗോതമ്പും യഥാക്രമം 5.65, 4.15 രൂപ നിരക്കില്‍ വിതരണം ചെയ്യും. 167 ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് ഈ പെർമിറ്റ് വഴി അനുവദിച്ചു നല്‍കിയിട്ടുള്ളത്.  സാമൂഹിക ക്ഷേമവകുപ്പിനു കീഴില്‍ പ്രവർത്തിക്കുന്ന അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായ ക്ഷേമ സ്ഥാപനങ്ങള്‍ക്കും പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിനു കീഴില്‍ പ്രവർത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കുമാണ് ഈ സ്കീം പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ നല്‍കി വരുന്നത്. മുന്‍ വർഷങ്ങളില്‍ ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള ഭക്ഷ്യവിഹിതം കേന്ദ്രം നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞമാസം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍-നെ നേരിട്ടുകണ്ട് വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ക്ഷേമ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു നല്‍കിയെന്നും മന്ത്രി അറിയിച്ചു.  സെന്ററിലെ 4 പേർക്ക് 1 കിറ്റ് എന്ന നിലയില്‍ 167 അന്തേവാസികളായ കുട്ടികള്‍ക്ക് 41 സൗജന്യ ഓണക്കിറ്റും മന്ത്രി വിതരണം ചെയ്തു.തദവസരത്തില്‍ കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഗോപിനാഥ് മുതുകാട് സ്വാഗതവും, ജില്ലാസപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണ കുമാർ, തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ബീനാഭദ്രന്‍ എന്നിവർ ആശംസകള്‍ അർപ്പിച്ചു. മാജിക് പ്ലാനറ്റ് കോ-ഓർഡിനേറ്റർ ബിജു കുമാർ കൃതജ്‍‍ഞത രേഖപ്പെടുത്തി.
Tags