നിരവധി കേസുകളിലെ പ്രതികളായ അന്തർ സംസ്ഥാന മോഷ്ടാക്കൾ വെള്ളറട പോലീസിന്റെ പിടിയിൽ
August 20, 2022
നിരവധി കേസുകളിലെ പ്രതികളായ അന്തർ സംസ്ഥാന മോഷ്ടാക്കൾ വെള്ളറട പോലീസിന്റെ പിടിയിൽ
വെള്ളറട. അന്തർ സംസ്ഥാന മോഷണ കേസുകളിൽ ഉൾപ്പെടെ പ്രതികളായ രണ്ട് പേർ പിടിയിൽ. ആക്രിക്കട കുത്തിപ്പൊളിച്ചു മോഷ്ടിക്കുന്നതിനിടയിൽ ഒരാളെയും മോഷ്ടിച്ച ബൈക്കിൽ കടക്കുന്നതിനിടയിൽ ഒരാളെയും വെള്ളറട പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വെളുപ്പിന് ഒരു മണിക്ക് വെള്ളറട ബീവറേജസിന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കട കുത്തിപൊളിച്ച് കോപ്പർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കുന്നതിനിടയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലിസ് മാരകായുധവുമായി നിന്ന സോണി ദാസിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഈ സമയം അവിടെ നിന്നും രക്ഷപ്പെട്ട മറ്റ് പ്രതികൾ വെള്ളറട പൊന്നമ്പി എന്ന സ്ഥലത്ത് നിന്നും ഒരു ബൈക്ക് മോഷ്ടിച്ചു കൊണ്ട് പോകുകയും രാവിലെ 10.00 മണിയോട് കൂടെ മോഷണ ബൈക്കിൽ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒറ്റശേഖരമംഗലത്തിന് സമീപം വച്ച് അനൂപിനെ പിടി കൂടുകയും ചെയ്തു. രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മോഷണ ബൈക്കുമായി പിടികൂടിയ കാട്ടാക്കട പേരെക്കോണം സനൽകുമാറിന്റെ മകൻ അനൂപ് (22) ബാംഗ്ലൂർ പിടിച്ചുപറി കേസിലും ബൈക്ക് മോഷണ കേസിലും പ്രതിയാണ്.
കൂടാതെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെ മാല പിടിച്ചുപറി കേസിലെയും പ്രതിയാണ്. പിടിയിലായ ഒറ്റശേഖരമംഗലം തുടലിയിൽ യേശുദാസിന്റെ മകൻ സോണി ദാസ് (21)കാട്ടാക്കട എക്സൈസ് സ്റ്റേഷനിലെ കഞ്ചാവ് കേസിലെ പ്രതിയാണ്.
പ്രതികളെ പിടികൂടിമ്പോൾ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഉണ്ടായിരുന്നു. വെള്ളറട പോലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മൃദുൽകുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. ആന്റണി ജോസഫ് നെറ്റോ, ഗ്രേഡ് എസ്. ഐ. മണിക്കുട്ടൻ സിവിൽ പോലിസ് ഓഫീസർമാരായ സനൽ കുമാർ, ദീപു. എസ്. കുമാർ, പ്രദീപ്, സജിൻ, കുമാർ, അരുൺ, അജി എന്നിവരാണ് പ്രതികളെ പിടികൂടിയത്