നൂറ്റിമൂന്നുകാരി മുത്തശ്ശിക്കുള്ള ഓണം മൂന്നാം നില കയറിഎത്തി

News Desk
നൂറ്റിമൂന്നുകാരി മുത്തശ്ശിക്കായി മൂന്നാം നില കയറി ഓണമെത്തി തിരുവനന്തപുരം :മൂന്നാം നില കയറി വന്ന മാവേലിക്കും കൂട്ടർക്കുമൊപ്പം ഓണം ആഘോഷിക്കാൻ ഇരുന്നപ്പോൾ നൂറ്റിമൂന്നുകാരി മാധവിക്കുട്ടിയമ്മ ഉഷാറിലായിരുന്നു.മഹാബലി നൽകിയ മധുരം നുണഞ്ഞും ഒപ്പം ഇരുപ്പുറപ്പിച്ച വാമനന് മുത്തം നൽകിയും നൃത്ത ചുവടുകൾക്ക് താളം പിടിച്ചും മുത്തശ്ശി കുട്ടികൾക്കൊപ്പം കൂടി . ശ്രീവരാഹം ഗവ. യുപി സ്കൂളിലെ ഓണാ ഘോഷത്തിന്റെ ഭാഗമായാണ് മുത്തശ്ശിക്ക് ഓണം കൂടാൻ അവസരമൊരുക്കിയത്.താഴെ ഇറങ്ങി എത്താൻ കഴിയാത്തതിനാൽ, സ്കൂളിലെ ഓണാഘോഷത്തിന്റെ ഒരു ഭാഗവും ഘോഷയാത്രയുടെ സമാപനവും മുത്തശ്ശി താമസിക്കുന്ന വീടിന്റെ മൂന്നാം നിലയിലേക്ക് മാറ്റുകയായിരുന്നു.
മകന്റെ ഭാര്യ ഓമനയ്ക്കൊപ്പം ശ്രീവരാഹം സ്കൂളിനടുത്താണ് അവർ താമസിക്കുന്നത്. നേരത്തെ തന്നെ ഒരുങ്ങി പുതുവസ്ത്രവും അണിഞ്ഞ് മുത്തശ്ശി കാത്തിരുന്നു.കുട്ടികളെ കണ്ടതോടെ മോണ കാട്ടി ചിരിച്ചു. കയ്യിൽ കരുതിയ മധുരം കുട്ടികൾക്ക് പങ്കു വച്ചു.മാവേലിയും വാമനനും കയ്യിൽ കരുതിയ സമ്മാനങ്ങളും ഓണക്കോടിയും മുത്തശ്ശിക്ക് നൽകി. രാജഭരണവും ബ്രിട്ടീഷ് ആധിപത്യവും സ്വാതന്ത്ര്യ സമരവുമെല്ലാം കണ്ടറിഞ്ഞ മുത്തശ്ശി, കുട്ടികളുമായി ഓണത്തിന്റെ ഓർമ്മകൾ പങ്കുവച്ചു . തിരുവാതിരയും കുമ്മാട്ടിയുമെല്ലാം മൂന്നാം നിലയിൽ അരങ്ങേറിയപ്പോൾ ഇടയ്ക്കെപ്പോഴോ മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു .പത്താം ക്ലാസ് വരെ പഠിച്ച മുത്തശ്ശിക്ക് ഇപ്പോഴും പത്രപാരായണത്തിന് യാതൊരു തടസ്സവുമില്ല. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് വാർഡ് കൗൺസിലർ കെ. കെ സുരേഷ്,ഹെഡ്മിസ്ട്രസ് അജിത സി. പി ,ബി പി സി ബിജു ,സി ആർ.സി കോഡിനേറ്റർ പ്രതിഭ എന്നിവർ നേതൃത്വം നൽകി. വിവിധ വേഷധാരികൾ അണിനിരന്ന ഘോഷയാത്ര ശ്രദ്ധേയമായി. തുമ്പി തുള്ളലും കുമ്മട്ടിക്കളിയുമുൾപ്പടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
Tags